തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
തേയില, ചെറുപയർ പരിപ്പ്, സേമിയ പാം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിണ്ണ സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നൽകും. ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
സപ്ലൈകോയുടെ ഓണച്ചന്തകൾ സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓണം ഫെയറുകൾ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങലും സംഘടിപ്പിക്കും. കർഷകരിൽനിന്നും നേ സംഭരിച്ച ജൈവ പച്ചക്കറികൾ വിപണന ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി- സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും.
നേരത്തെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Free Onkit 5,99,000 only. Rs 34.39 crore has been allocated to Supplyco for this